International
ലണ്ടൻ: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ ബ്രിട്ടൺ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാർമർ പറഞ്ഞു.
ഇറാന്റെ മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ അഭ്യർഥന ബ്രിട്ടൺ അംഗീകരിച്ചതായി വ്യക്തമാക്കുകയായിരുന്നു കെയർ സ്റ്റാർമർ. ഞായറാഴ്ച എക്സിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിനിടെയായിരുന്നു ശനിയാഴ്ച ഇറാനിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ബ്രിട്ടൺ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരില്ലെന്നും സ്റ്റാർമർ പറഞ്ഞു.
അതേസമയം ഇറാൻ ബ്രിട്ടീഷ് താത്പര്യങ്ങളെ തകർക്കുകയാണെന്നും സ്റ്റാർമർ ആരോപിച്ചു. പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകൾക്കും എയർപോർട്ടുകൾക്കും നേരെയുണ്ടായതായും സ്റ്റാർമർ ആരോപിച്ചു.
ബ്രിട്ടീഷ് പൗരന്മാരുടെ ജീവൻ രക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അഭിപ്രായപ്പെട്ട സ്റ്റാർമർ, ഇറാന് ഉയർത്തുന്ന ഭീഷണി തടയാനുള്ള ഏക മാർഗം സംഭരണ ഡിപ്പോകളിലോ ലോഞ്ചറുകളിലോ ഉള്ള മിസൈലുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുകയെന്നതാണെന്നും കൂട്ടിച്ചേർത്തു.
International
ലണ്ടൻ: ജെഫ്രി എപ്സ്റ്റീന്റെ ഇരകളോട് മാപ്പു പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പീറ്റർ മൻഡൽസണിനെ യുഎസിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ച സംഭവത്തിലാണ് പ്രധാനമന്ത്രി മാപ്പു പറഞ്ഞത്. ജെഫ്രി എപ്സ്റ്റീനെ അറിയില്ലെന്നാണ് മൻഡൽസൺ തന്നെ ധരിപ്പിച്ചിരുന്നത്. മൻഡൽസണിന്റെ നുണകൾ വിശ്വസിച്ച് അദ്ദേഹത്തെ നിയമിച്ചതിൽ ഖേദമുണ്ട്-അദ്ദേഹം പറഞ്ഞു.
എപ്സ്റ്റീനുമായി മൻഡൽസണ് പരിചയമുണ്ടെന്ന് അറിയാമായിരുന്നു, പക്ഷേ ആ ബന്ധത്തിന്റെ ആഴം ആർക്കുമറിയില്ലായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞതിനെത്തുടർന്ന് മൻഡൽസണിനെ സ്റ്റാർമർ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്താക്കിയിരുന്നു. എപ്സ്റ്റീനുമായി മൻഡൽസണിന് സാമ്പത്തിക ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു ആരോപണം.
എപ്സ്റ്റിനിൽനിന്ന് പണം കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. തന്റെ ഓഫീസ് മോശം കാര്യങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണത്തിൽ മൻഡൽസൺ അന്വേഷണം നേരിടുന്നുണ്ട്. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളൊന്നും അദ്ദേഹത്തിനെതിരേ ചുമത്തിയിട്ടില്ല.
കഴിഞ്ഞ ആഴ്ച യുഎസ് നീതിന്യായ വകുപ്പ് പ്രസിദ്ധീകരിച്ച രേഖകളിൽ മൻഡൽസണുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. മൻഡൽസൺ എപ്സ്റ്റീനുമായി തന്ത്രപ്രധാനമായ സർക്കാർ വിവരങ്ങൾ പങ്കിട്ടതായാണ് പുറത്തുവന്ന ഫയലിലെ രേഖകൾ പറയുന്നത്.
2003 മുതൽ 2004 വരെ, മൻഡൽസണുമായോ അദ്ദേഹത്തിന്റെ പങ്കാളിയുമായോ ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് എപ്സ്റ്റീൻ ആകെ 75,000 യുഎസ് ഡോളർ മൂന്ന് തവണ അയച്ചതായി പുതുതായി പുറത്തുവന്ന ഫയലുകളിലെ രേഖകൾ പറയുന്നു. 72 കാരനായ മൻഡൽസൺ എപ്സ്റ്റീൻ ബന്ധത്തിന്റെ പേരിൽ ലേബർ പാർട്ടിയിൽനിന്നു രാജിവച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ചൈനയുമായുള്ള ബിസിനസ് ഇടപാടുകൾ ബ്രിട്ടന് ആപത്കരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ചൈന സന്ദർശിക്കുന്നതിനിടെയാണ് ട്രംപ് ഇതു പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം അദ്ദേഹം നല്കിയില്ല.
ട്രംപിന്റെ അപ്രതീക്ഷിത വാണിജ്യ, വിദേശനയങ്ങളിൽ വശംകെട്ട പാശ്ചാത്യ മിത്രങ്ങൾ ചൈനയോട് അടുക്കാൻ തുടങ്ങിയതിന്റെ ഫലമാണ് സ്റ്റാർമറുടെ സന്ദർശനം. രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കാനഡയ്ക്കു മേൽ തീരുവ ചുമത്തുമെന്നു ട്രംപ് ഭീഷണി മുഴക്കി.
വ്യാഴാഴ്ച ഷിയുമായി സ്റ്റാർമർ നടത്തിയ മൂന്നു മണിക്കൂർ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ധാരണയായിരുന്നു. ബ്രിട്ടീഷ് മദ്യത്തിനു തീരുവ കുറയ്ക്കാനും ബ്രിട്ടീഷ് പൗരന്മാർക്കു വീസ ഇളവു നല്കാനും ചൈനയുമായി ഉണ്ടാക്കിയ ധാരണയെ സ്റ്റാർമർ പ്രശംസിച്ചു. പരസ്പരവിശ്വാസവും ബഹുമാനവും വർധിപ്പിക്കുന്നത് ഇങ്ങനെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
International
ബെയ്ജിംഗ്: ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ അഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. നാലുദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ സ്റ്റാർമർ പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടീഷ് വിസ്കിക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചെന്ന് സ്റ്റാർമറും, ബ്രിട്ടീഷുകാർക്ക് ചൈനയിൽ വീസ ഇളവു നല്കുന്നത് ആലോചിക്കുമെന്ന് ഷിയും അറിയിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധ ഭീഷണിക്കിടെയാണ് സ്റ്റാർമർ ചൈനയിലെത്തിയത്. രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയും ഉച്ചഭക്ഷണവും ഉൾപ്പെടെ മൂന്ന് മണിക്കൂറാണു സ്റ്റാർമർ-ഷി കൂടിക്കാഴ്ച നീണ്ടത്. ഫുട്ബോളിനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ചൈന-ബ്രിട്ടൻ ബന്ധം പലവിധ പ്രശ്നങ്ങളിലൂടെയാണു കടന്നുപോയതെന്നും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ലെന്നും ഷി ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി ദീർഘകാല പങ്കാളിത്തത്തിനു ചൈന ആഗ്രഹിക്കുന്നതായും ഷി കൂട്ടിച്ചേർത്തു.
രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിലും പരസ്പരം ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ ധാരണയായിരുന്നു. അതേസമയം, കാനഡയുടെ നീക്കം ട്രംപിനെ പ്രകോപിപ്പിച്ചു. കാനഡയ്ക്ക് നൂറു ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.
International
ലണ്ടൻ: ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലെ ഓഫീസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ സീറോമലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അതിഥിയായി പങ്കെടുത്തു. സ്റ്റാർമറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
രാജ്യത്തെ സഭാനേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുംകൂടിയാണ് പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷപരിപാടി സംഘടിപ്പിച്ചത്.
ബ്രിട്ടനിലെ സീറോമലബാർ സമൂഹത്തിന്റെ വർധിച്ചുവരുന്ന സാന്നിധ്യത്തെയും വളർച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച. ആഘോഷപരിപാടിയിൽ ആഷ്ഫോർഡിലെ മലയാളി പാർലമെന്റംഗം സോജൻ ജോസഫും ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.
NRI
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ ബുധനാഴ്ച ഇന്ത്യയിലെത്തും. എട്ട്, ഒൻപത് തീയതികളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റാമർ എത്തുന്നത്.
വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025ലും ഇരു പ്രധാനമന്ത്രിമാരും പങ്കെടുത്ത് മുഖ്യ പ്രഭാഷണങ്ങൾ നടത്തും.